ന്യൂഡൽഹി: രാജ്യത്തെ സെൻസസ് പ്രക്രിയകളുടെ ആദ്യഘട്ടം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പൂർത്തിയായിവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തെ 32 കോടിയിലധികം കുടുംബങ്ങളുടെ വിവരങ്ങൾ ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞതായും തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ’അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ എല്ലാ പൗരന്മാരും സെൻസസ് പ്രക്രിയയിൽ പങ്കാളികളാകണമെന്നും ഇത് എല്ലാവരുടെയും ദേശീയ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
സെൻസസ് വിവരങ്ങൾ സ്വയം മൊബൈലിൽ രേഖപ്പെടുത്തുന്ന പ്രക്രിയ (സെൽഫ് എന്യുമറേഷൻ) വളരെ ഉപയോഗപ്രദമാണെന്നും മുഴുവൻ നടപടിയും 15 മുതൽ 20 മിനിറ്റിനുള്ളിൽ പൂർത്തിയാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. se.census.gov.in എന്ന വെബ്സൈറ്റിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ലൊക്കേഷൻ വിവരങ്ങൾ നൽകി കുടുംബത്തിന്റെയടക്കം വിവരങ്ങൾ നൽകാം.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ 16 ഭാഷകളിൽ സംവിധാനം ലഭ്യമാണ്. രേഖകളൊന്നും നൽകേണ്ടതില്ലെന്നും സെൽഫ് എന്യുമറേഷൻ പൂർത്തിയാക്കിക്കഴിഞ്ഞ് ലഭിക്കുന്ന സവിശേഷ ഐഡി നിങ്ങളുടെ വീട് സന്ദർശിക്കുന്ന സെൻസസ് ഉദ്യോഗസ്ഥർക്കു നൽകിയാൽ മതിയെന്നും പ്രധാനമന്ത്രി അറിയിച്ചു.